Monday, August 03, 2009

രാത്രികളിലെ ഉദയം

കവലയില്‍നിന്നും ബാറിലേക്കുള്ളദൂരം...
നാഴികക്കല്ലിലെ അക്കങ്ങള്‍ പിന്നിട്ടവഴികള്‍.
കൂട്ടിയും കിഴിച്ചും മുഖങ്ങള്‍ ഓര്‍ത്തു വച്ചു.
മനസ്സുപഠിക്കാന്‍ പരിശിലനം.
മനസ്സു തുറക്കാന്‍ തീക്കനല്‍.
മദ്യം ഒഴിക്കാന്‍ അളവു പാത്രം.
കുടിക്കുന്നവന്റെ ആഴം അളക്കരുത്.
ഭൂതകാലം ഓര്‍ക്കാന്‍ നീലയും ചുവപ്പും കലര്‍ന്ന മാലകള്‍.
മണ്ഡപത്തിന്ന് തുടുത്ത പട്ടിന്റെ വര്‍ണ്ണം.
നാല്‍പ്പത്തിമൂന്നുശതമാനം സ്കോച്ചും
നാല്‍പ്പതു ശതമാനം നവസാരവും ചേര്‍ന്ന്,
അര്‍ദ്ധരാത്രിയിലും സൂര്യനെ ഉദിപ്പിക്കുന്നു.
സൌഹ്രുദങ്ങള്‍ക്ക് ജാതീ‍ഇല്ല.
സദാചാരത്തിന്റേയും പണയത്തിന്റേയുംശ്വാസങ്ങള്‍....
ആഗോളവല്‍ക്കരണം,അമേരിക്ക,ചൈന...
തച്ചന്റെ കരവിരുതിന്റെ നാലുകാലുകള്‍.
ഒരേനിറമുള്ള മനസ്സുകള്‍...അന്തരീക്ഷത്തി്ലെ സുഗന്ധം...
കണ്ണുകള്‍ക്കുതാഴേയുള്ള കറുപ്പ്,
യേശുദാസിന്റേയും റാഫിയുടേയും പാട്ടിന്റെ തിളക്കം.
സൂര്യനുദിക്കാറയി..വീണ്ടും വരിക...
ഇന്നു ബാങ്ക് റേറ്റ് കുറവാണ്.

Monday, June 08, 2009

കാഴ്ച്ചയുടെ മഹാത്മ്യം

ഇടതുകണ്ണിലെ കാഴ്ച അയാള്‍ക്കില്ലാതായി.
ഇടതു ഭാഗത്തുകൂടി പോയവര്‍ പറഞ്ഞു,
ഇവന്‍ കണ്ടഭാവം കാണിക്കുന്നില്ല...

വലതുഭാഗത്തെക്കഴ്ചയും അയാളില്‍ നഷ്ടപ്പെട്ടപ്പോള്‍,
വലതു ഭാഗത്തുകൂടി നടന്നവരും അയാളെ കുറ്റപ്പെടുത്തി.
ഇരുകൂട്ടരും അയാളെ ഒറ്റപ്പെടുത്തി...ഉറക്കെപ്പറഞ്ഞു-
ഇവനാരേയും കണ്ടാല്‍ തിരിച്ചറിയാതായിരിക്കുന്നു,
ഉരുണ്ടഭൂമിയിലാണെന്നു പോലുഓര്‍ക്കാത്തവന്‍....

കാഴ്ചയുടെ മഹാത്മ്യം അയാള്‍ ഓര്‍ക്കുകയായിരുന്നു.
പലനിറങ്ങളിലും വിഹരിക്കുന്ന-
നിറം മാറിഓടിയ ജീവിയെ അയാള്‍ ഓര്‍ത്തു.
മണല്‍ നിറഞ്ഞപുഴയോരങ്ങള്‍...
പച്ചനിറമുള്ള പാടങ്ങള്‍...
തിരുവാതിരനാളിലെനരച്ചനിലാവുള്ളരാത്രികള്‍...
നാലുകെട്ടും,അകത്തളവും,കാവും കുളങ്ങളും..
അയാള്‍ക്കു കാണാന്‍ കഴിയുന്നു.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല.




Sunday, March 02, 2008

മണ്ണിലെഗീതം

പുഞ്ചകള്‍പൂക്കുന്നപാടത്തുനിന്നും,
പാണന്റെ പാട്ടുകള്‍ കേള്‍ക്കാത്തതെന്തേ..?
കൊക്കുകൊണ്ടായിരം താളമടിച്ചൊരെന്‍,
കൊത്തുംമരക്കിളികളെവിടെയിഭൂമിയില്‍..?

ഇല്ലൊരുമരത്തിന്റെ തണലില്ല ഇവിടെ ഒരു-
വേരില്ല വിത്തില്ല കായില്ല പൂവില്ല.
പൂര്‍വികര്‍ പാകിയവിത്തിന്റെ മണികളും,
പത്തായപ്പുരകളില്‍ കാണുന്നതില്ല.

അച്ഛന്‍ വിതച്ചു മുളപ്പിച്ചമണ്ണിലെ-
നെടുമ്പെരനിറച്ചുള്ള വിത്തുനെല്ലും-
നെടുവീര്‍പ്പിട്ടുറങ്ങുന്ന കാളനും വെള്ളയും,
കാടയും കോടയും കിട്ടുവും തങ്കയും-
ഇല്ലിവിടെ മണ്ണിന്റെ മക്കളായ് മര്‍ത്യരേ..?

പുഞ്ചകള്‍ പുഷ്പ്പിച്ച പാടമദ്ധ്യത്തിലെ,
മാളികയില്‍നിന്നും പാട്ടുകള്‍കേള്‍ക്കുന്നു.
ചുറ്റും തണല്‍ പാകി നിന്നമരങ്ങളും,
മവും പലതരം വാകയും ഉമ്മത്തും,
തേക്കും തളിരിട്ട പ്ലാവിന്റെ മക്കളും,
കവിനകത്തുള്ള ഔഷധ സസ്യവും,
ഒക്കെയും സ്വപ്നമായ് കണ്ടുമയങ്ങുന്നു.
സര്‍വവും സത്യമായ് നമ്മളറിയുന്നു.

ആയിരം പ്രാവുകള്‍ പൂര്‍വികരുമായ് വാണ,
ആ വലിയ വ്രുക്ഷവും വള്ളിയും ഖനികളും,
ഒരുകൊയ്ത്തു പാട്ടിന്റെ ഏഴുസ്വരംതീര്‍ത്ത,
പരുവയും ഫണമുള്ളസര്‍പ്പസുന്ദരികളും,
പുറ്റും പുറംചിതലില്‍ നക്കിത്തുടക്കുന്ന,
ചോണനുറുംബും ചെറിയപലപ്രാണിയും,
ഇല്ലിവിടെ മണ്ണിന്റെ കൂട്ടുകാരായ്...
ഇല്ലിവിടെ മണ്ണിന്നു രോമാഞ്ചമായ്..

Friday, August 31, 2007

മുത്തശ്ശിയും നിഴലും

മച്ചിന്റെപടിയില്‍ മണ്ടകൊണ്ടഞ്ചാറുമുട്ടുമുട്ടി,
മുറ്റത്തേക്കിറങ്ങിപ്പോയ് വെട്ടം പതുക്കെ.
കൊങ്ങന്‍ വെറ്റില മുറുക്കി മുത്തശ്ശിമുറ്റത്തേക്കിറങ്ങുബോള്‍-
വെട്ടംഭയന്നു വഴിമാറിക്കൊടുക്കുന്നു.
തട്ടിന്‍പുറത്തൊരു ശുംഭന്‍ എലിയുടെ
തട്ടാമുട്ടി പൊടിപൊടിക്കുബോള്‍
ഉച്ചത്തില്‍ ഒരൊച്ചയിട്ടു മുത്തശ്ശി
എലിയുടെ വാല്‍ മുറിയുന്നു.

പത്തായപ്പുരയിലെ തൂണിലെക്കിളിക്കൂട്ടം
മുറ്റത്തെ മാവില്‍ പാര്‍ക്കും അണ്ണാറക്കണ്ണന്മാരും
മുറ്റത്തുമുത്തശ്ശിയെ കണ്ടതാ ചിലക്കുന്നു
മൈനകള്‍ മഞ്ഞച്ചുണ്ടാല്‍ കഥകള്‍ കഥിക്കുന്നു.

മീനമാസത്തെ സൂര്യന്‍ ഉച്ചിയില്‍ ഇരുന്നുകൊ-
ണ്ടിച്ഛിച്ചഫലങ്ങളെ കരിച്ചുതിന്നീടുന്നു.

വളപ്പില്‍ തണലില്ല വടക്കന്‍ കാറ്റുമില്ല
വിരുന്നിന്നൊരുക്കുവാന്‍ മുത്തശ്ശി മുറ്റത്തില്ല.
തണലിന്‍ കുളിരിലെ കിളികളാരുമില്ല
ചിത്രത്തൂണിന്റെ ചത്തമണമേ ബാക്കിയുള്ളു.

Friday, April 27, 2007

ചെറിയ ദ്വീപിലേക്കുള്ള വഴി

എന്റെ മനസ്സ് നൂറ്റാണ്ടുകളുടെ പഴക്കമുള്ളചെറുദ്വീപാണ്.
എന്റെ പല്ലുകള്‍ക്ക് ബലമുണ്ടോഎന്നറിയണമെങ്കില്‍-
ഒരുഎല്ലിന്‍ കഷ്ണം വായ്ക്കകത്തു വയ്ക്കുക.
കരയിലെ കാറ്റും കോളും കൂടുംബോള്‍ ഇവിടെ മനുഷ്യര്‍ വരുന്നു.
കുഷ്ടരോഗികളും കാസരോഗികളും എയ്ഡ്സ്ബാധിതരും ഒന്നിച്ച്.
പണിക്കാരെ ഇറയത്തു നിര്‍ത്തിയവരും പാറപൊളിക്കുന്നവരുംഒന്നിച്ച്.
ഇന്നലത്തെ മന്ത്രിയും നിറമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും ഒന്നിച്ച്..
ജാഥവിളികളില്ലാതെ ഒന്നിച്ച് ഒരേമനസ്സില്‍ വരുന്നു...
ജാതിയും മതവും ദ്രോഹവും രോഷവും മറന്ന്-
ജീവന്റെ തുടിപ്പിനെ നിലനിര്‍ത്താന്‍ വരുന്നവര്‍..
ദുര്‍ഗന്ധവും ദുഷിപ്പും മറന്ന് ദുരാഗ്രഹങ്ങള്‍ ഇല്ലാതെ,
കുറുകെ ചാടുന്ന പൂച്ചയുടെ ശകുനം ഓര്‍ക്കാത്തവര്‍.
ജാതകവും പൊരുത്തവും നോക്കാതെ ജാതിയെ മറന്ന്,
ജനിക്കാനിരിക്കുന്നകുഞ്ഞിനെ സ്വപ്നം കാണുന്നവര്‍.
വഴിപാടുകളിലും വിരുന്നു സല്‍ക്കാരത്തിലും,
പഴമ്പുരാണങ്ങളിലും വിശ്വാസമില്ലാത്തവര്‍.
കച്ചവടവും കാപട്യവും മറന്ന്-
ഒന്നിച്ച് വിളവെടുക്കാന്‍ മോഹിക്കുന്നവര്‍.
ഈ ദ്വീപിനെ ആരും ഇഷ്ട്ടപ്പെടുന്നു
ഇവിടെ സംസാരിക്കാതെ പ്രവര്‍ത്തിനടക്കുന്നു.
ഇവിടെ അഭയാര്‍ത്തികളായി വന്നവര്‍,
ഇവിടെനിന്നും പോകാന്‍ വിസമ്മതിക്കുന്നു.
തിരമാലകള്‍ പോലും ഈദ്വീപിനെ ശാന്തമായ് പുല്‍കുന്നു.
സുനാമികളും ഭൂമികുലുക്കങ്ങളും ഇവിടെ ഇല്ല.
കടലിലൂടെ അല്‍പ്പം നീന്തിവരാമെങ്കില്‍,
ഈദ്വീപിലേക്ക് ആര്‍ക്കും കടന്നു വരാം.

Friday, February 02, 2007

വി കെ എന്‍ (കവിത)

നിളയുടെ തീരത്തുനിത്യവസന്തമായ്‌
ഇന്നുമീ ചാത്തുവിന്‍ സ്മൃതികള്‍ തെളിയുന്നു
പുലരിയില്‍ പുഴയൊരു തങ്കനൂലാവുന്നു,
പയ്യന്റെകാലടികള്‍ തീരങ്ങള്‍ ഓര്‍ക്കുന്നു
പൂനിലാവെള്ളിയില്‍ പൂഴിമണലിന്റെ
ചന്തം നുകര്‍ന്നനിന്‍ ചിന്തകള്‍ കാവ്യമായ്‌.
വില്വാദ്രീശന്റെ തട്ടകവാസിനീ
വില്വമലയിലെ പൂമരമാണുനീ
പൊട്ടിച്ചിരിപ്പിച്ചചിരിയുടെ മാറ്റൊലി
ഇന്നുമീലോകര്‍ക്കു നല്‍കുന്നു പുഞ്ചിരി.
വളയാത്തനട്ടെല്ലില്‍ കുനിയാതെ നിന്നുനീ
ഈലോകസത്യങ്ങള്‍പൊട്ടിച്ചിരിയാക്കി.
വടക്കുള്ളകൂട്ടാലവീടിന്റെ കോലായില്‍
ചാരുകസേരയില്‍ നീയില്ലകൂട്ടിനായ്‌.
കൂടുവാന്‍ നീയില്ല,സ്വന്ത്വനച്ചിറിയില്ല
വേദവതിയമ്മനിന്നോര്‍മ ചൊല്ലുന്നു.
ചുങ്കവും പാബാടി ദേശവും കൂട്ടരും
അംബലവഴിയുമാചക്കനും ചാത്തനും
ഒക്കെയും സ്മരണകള്‍ നല്‍കുന്നുനിത്യവും
എവിടെ നീ എവിടെ നീ പയ്യന്റെ രൂപമായ്‌?
ചാലിച്ചചമ്മന്തി കടുമാങ്ങകാളനും തോരനുംകൂട്ടിയൊരു-ഊണ്‍തന്നതോര്‍ക്കുന്നു.
ചാറല്‍മഴയുടെഗന്ധം നുകരുബോള്‍
ചിന്തയില്‍ ഇന്നുമാകാര്യങ്ങളോര്‍ക്കുന്നു
സംസ്ക്കാരസാക്ഷരതതിങ്ങുമീനാടിന്റെ,
സംസാരഭാഷയില്‍ ലജ്ജ്യയില്ലാത്തവര്‍
ഓര്‍ക്കുക,നമ്മളീകുഞ്ചന്റെനാട്ടിലെ-
പയ്യനെസ്നേഹിച്ചു വഞ്ചിച്ചതെന്തിന്ന്..?
ഇല്ല,മരിക്കില്ല നീ തീര്‍ത്ത സൗരഭ്യ-
പൂമരത്തോപ്പുകള്‍ പാരിലൊരിക്കലും
ഇല്ലമറക്കില്ല നീതന്നഭാഷയുടെ
ചൈതന്യഭാവുകം ഞങ്ങളൊരിക്കലും

Monday, January 15, 2007

മിമിക്രിയുഗം

ആദ്യകാലങ്ങളില്‍ മിമിക്രിക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു.ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്നവരും,അല്ലാത്തവരുമായി പലരേയും അനുകരിച്ച് നടക്കുന്ന കലാകാരന്മാര്‍ കവലകള്‍ തോറും പാറ്റപോല്‍ പെരുകുകയാണ്.അവതരിപ്പിക്കുന്ന വിഷയത്തില്‍ ഒരു പുതുമയും ഇക്കൂട്ടര്‍ക്കില്ല.കുറേവളിപ്പുകള്‍ കാട്ടി കയ്യടിവാങ്ങിയാല്‍ സിനിമാനടന്മാരായി/നടീമാരായിത്തീരുമെന്ന തോന്നലുകളും ഇക്കൂട്ടരില്‍ ഇല്ലാതില്ല. ചില സിനിമകള്‍ വളിപ്പാക്കുന്നതില്‍ ഇക്കൂട്ടര്‍ നല്ലപങ്കുവഹിച്ചതായി പലനിരൂപകരും വിലയിരുത്തിയത് ശരിയാണ്.

സിനിമാനടന്മാര്‍,രാഷ്ട്രീയനായകന്മാര്‍ തുടങ്ങിയവരെ അനുകരിക്കുന്ന രീതികള്‍ ഇക്കൂട്ടര്‍ക്ക് മാറ്റാന്‍ സാധിക്കാത്ത ഇനമായിമാറിയിരിക്കുന്നു.ടി.വി ചാനലുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമായി മാറ്റിയെന്നു പറയുന്നതായിരിക്കും ശരി.

ജനിക്കാനിരിക്കുന്നകുഞ്ഞുങ്ങള്‍ മിമിക്രിക്കാരാവണേ ഭഗവാനേ എന്നവിളിയും വഴിപാടുകളും വരാനിനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.