Friday, August 31, 2007

മുത്തശ്ശിയും നിഴലും

മച്ചിന്റെപടിയില്‍ മണ്ടകൊണ്ടഞ്ചാറുമുട്ടുമുട്ടി,
മുറ്റത്തേക്കിറങ്ങിപ്പോയ് വെട്ടം പതുക്കെ.
കൊങ്ങന്‍ വെറ്റില മുറുക്കി മുത്തശ്ശിമുറ്റത്തേക്കിറങ്ങുബോള്‍-
വെട്ടംഭയന്നു വഴിമാറിക്കൊടുക്കുന്നു.
തട്ടിന്‍പുറത്തൊരു ശുംഭന്‍ എലിയുടെ
തട്ടാമുട്ടി പൊടിപൊടിക്കുബോള്‍
ഉച്ചത്തില്‍ ഒരൊച്ചയിട്ടു മുത്തശ്ശി
എലിയുടെ വാല്‍ മുറിയുന്നു.

പത്തായപ്പുരയിലെ തൂണിലെക്കിളിക്കൂട്ടം
മുറ്റത്തെ മാവില്‍ പാര്‍ക്കും അണ്ണാറക്കണ്ണന്മാരും
മുറ്റത്തുമുത്തശ്ശിയെ കണ്ടതാ ചിലക്കുന്നു
മൈനകള്‍ മഞ്ഞച്ചുണ്ടാല്‍ കഥകള്‍ കഥിക്കുന്നു.

മീനമാസത്തെ സൂര്യന്‍ ഉച്ചിയില്‍ ഇരുന്നുകൊ-
ണ്ടിച്ഛിച്ചഫലങ്ങളെ കരിച്ചുതിന്നീടുന്നു.

വളപ്പില്‍ തണലില്ല വടക്കന്‍ കാറ്റുമില്ല
വിരുന്നിന്നൊരുക്കുവാന്‍ മുത്തശ്ശി മുറ്റത്തില്ല.
തണലിന്‍ കുളിരിലെ കിളികളാരുമില്ല
ചിത്രത്തൂണിന്റെ ചത്തമണമേ ബാക്കിയുള്ളു.