Thursday, November 17, 2011

നാലു കവിതകള്‍

1,കറുപ്പനും വെളുപ്പനും
കറുപ്പനും വെളുപ്പനും ഓടാന്‍ തുടങ്ങി
വെളുപ്പന്‍ നൂറു നാഴിക ഓടി ജയിച്ചപ്പോള്‍
കറുപ്പന്‍ അറുപതു നാഴികയില്‍ ഓട്ടം നിര്‍ത്തി.

2,വാതം
വാദിക്കുമ്പോള്‍ ഇടഞ്ഞവാക്കാണ്,
വാതമുണ്ടെന്നു അറിയിച്ചത്.

3,പിത്തം
മുഖങ്ങള്‍ക്ക് മഞ്ഞവര്‍ണ്ണം കൂടിയപ്പോള്‍,
പിത്തത്തിനുള്ള ചികിത്സ തേടേണ്ടി വന്നു.


4,കഫം

വാക്കുകളിലെ പുളിപ്പാണ്,
കട്ടികൂടിയ കഫത്തെ ഓക്കാനിച്ചത്

Saturday, April 17, 2010

പാതകളും നാഴികക്കല്ലുകളും

പാതകൾ അവസാനിക്കുന്നില്ല....
നടന്നപാതകളെ മാത്രം ഓർക്കുബോൾ,
നടക്കാനിരിക്കുന്നവഴികളും ഓർക്കേണ്ടതുണ്ട്.
നടന്നവഴികളുടെ ദൂരം നാഴികക്കല്ലിലറിയുബോൾ,
നടക്കാനിരിക്കുന്ന വഴികളെ വിഴുങ്ങുന്നു.
ചിലപാതകൾക്ക് വീതികുറയുബോൾ,
ചലിക്കുന്നവസ്തുവിന്റെ ദിശതെന്നിപ്പോകാറുണ്ട്.
ചിലദിക്കുകളിൽ നാലുംകൂടിയ വഴികൾ കാണാം.
ചിലരൊക്കെ വഴിതെറ്റിനിൽക്കാറുള്ളതും കൂട്ടുമുക്കുകളിൽതന്നെ.
പാതയിലെ ചാണകംവാരുന്ന സ്ത്രീപറയുന്നു,
പാതിരാവിൽ വഴിതെറ്റിഓടിയപശുക്കളുടേതാണെന്ന്.
പലതും പലർക്ക് സിദ്ധിക്കുന്നതും പാതകളിൽനിന്നുതന്നെ.
പലരുടേയും പലതും നഷ്ടപ്പെടുന്നതും വഴികളിൽ തന്നെ.
വഴികൾ ജനിച്ചതും വഴികളിൽ ജനിച്ചതും കഥകളാകാറുണ്ട്.
പാതകളുടെ ദൂരം ഇന്നേവരെ ആരും ഗണിച്ചിട്ടില്ല.
പാതകളുടെ തുടക്കവും ക്രിത്യമായിപ്പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല.
നാഴികക്കല്ലിലെ അക്കങ്ങൾ പലരും ഗണിക്കാ‍റുണ്ട്.

Friday, November 27, 2009

മരം,വിത്ത്,മണ്ണ്

മരം പറ‍ഞ്ഞത്....

വരണ്ടമണ്ണില്‍ പൊരിഞ്ഞ എന്റെ വേരുകള്‍ക്ക്,
ജലധാരകള്‍ തൂകിയപ്പോള്‍,
എന്റെ സ്നേഹം കനികളായ് പൂത്തു.
കരിയുമെന്നവിശ്വാസത്തിലായിരുന്നു ഇലകള്‍.
ഇപ്പോള്‍,ഹരിതവര്‍ണ്ണം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

വിത്തു പറഞ്ഞത്.......

എനിക്ക് മുളക്കണം മുളപൊട്ടി വീണ്ടും മരമാകണം.
ആകാശമുട്ടോളം വളര്‍ന്ന് വലുതാകണം,
കൂടില്ലാത്തക്കിളികള്‍ക്ക് ഒന്നു തലചായ്ക്കാന്‍,
ഞാന്‍ നിന്നുകൊടുക്കും.

മണ്ണ് പറഞ്ഞത്....

ഞാനില്ലാതെ നീയില്ല.
നിനക്ക് നിലയുറക്കണമെങ്കില്‍,
എന്റെ അനുമതികൂടിയേ തീരു.
എനിക്ക് സമ്മതമാണ്.

Wednesday, October 28, 2009

എന്റെ തൊടി(ഉണ്ണിക്കവിത)


കൊത്തിച്ചിനക്കുന്നു കിളികള്‍,
കൂഴപ്പിലാവിന്റെ ചക്ക.
ചേമ്പിന്റെ തണ്ടിന്റെ ചാരേ,
മണ്ണുളിപ്പാമ്പിന്റെ മേള.
കുന്നിക്കുരുവിന്റെ വള്ളി,
വേലിയെ ചുറ്റിമുറുക്കി.
പുളിമരത്തണലിന്നുതാഴേ,ഞങ്ങള്‍-
കുട്ടികള്‍ ഊഞ്ഞാലിലാടി.
പനമരത്തലകള്‍ കുലുങ്ങി,താഴെ-
പനമ്പഴം വീണൊരുകാലം.
പട്ടികള്‍കൂട്ടമായെത്തി,
പനമ്പഴം ചപ്പിനുകര്‍ന്നു.
കൊയ്യമരത്തിലേക്കേറി,ഞങ്ങള്‍-
കുട്ടികള്‍ പയ്യേ രുചിക്കാന്‍.
നായ്കുരണവള്ളിയില്‍ മുട്ടി,എന്റെ-
വെള്ളത്തുടകള്‍ തുടുത്തു.
പ്ലാച്ചിന്‍ ഇലകള്‍ പറിച്ചു,പിന്നെ-
തേക്കിന്‍ ഇലകള്‍ പറിച്ചു.
പന്തലിന്‍ മണ്ഡപം തീര്‍ത്തു,
കണ്യാര്‍ കളികള്‍ നടത്തി.
പനയോല പരുവത്തിലാക്കി,
കാറ്റാടികാറ്റില്‍ പറത്തി.
കരിമഷിത്തണ്ടിന്റെ നീരില്‍,
തെറികള്‍ കുറിച്ചത് മാച്ചു.
അചഛനും അമ്മയുമായി,ഞങ്ങള്‍-
പന്തലില്‍ പൊട്ടിച്ചിരിച്ചു.
കടലാസു തോണീതുഴഞ്ഞ്,
ചെറുചാലിലൂടെക്കളിച്ചു.
തേക്കുകള്‍ താളം ചവിട്ടി,
കാറ്റിന്റെ താളത്തിനൊപ്പം.
തെങ്ങുകള്‍ ആടിച്ചിരിപ്പൂ,
തെയ്യങ്ങള്‍ ആടുന്ന പോലെ.
വാകയും,വേപ്പും,മുളയും,
ദാഹിച്ചുകേഴുന്നപോലെ.
മാനത്തടിക്കടിക്കാരോ,
ഗുണ്ടുകള്‍ പൊട്ടിച്ചിടുന്നു.
കണ്ടത്തുകൂടെ നടന്നു,ഞങ്ങള്‍-
തെണ്ടിത്തളര്‍ന്നങ്ങുറങ്ങി.
നേരം പടിഞ്ഞാറു ചോത്തു,
നാളെ നേരം പുലരാന്‍ കൊതിച്ചു.
Monday, August 03, 2009

രാത്രികളിലെ ഉദയം

കവലയില്‍നിന്നും ബാറിലേക്കുള്ളദൂരം...
നാഴികക്കല്ലിലെ അക്കങ്ങള്‍ പിന്നിട്ടവഴികള്‍.
കൂട്ടിയും കിഴിച്ചും മുഖങ്ങള്‍ ഓര്‍ത്തു വച്ചു.
മനസ്സുപഠിക്കാന്‍ പരിശിലനം.
മനസ്സു തുറക്കാന്‍ തീക്കനല്‍.
മദ്യം ഒഴിക്കാന്‍ അളവു പാത്രം.
കുടിക്കുന്നവന്റെ ആഴം അളക്കരുത്.
ഭൂതകാലം ഓര്‍ക്കാന്‍ നീലയും ചുവപ്പും കലര്‍ന്ന മാലകള്‍.
മണ്ഡപത്തിന്ന് തുടുത്ത പട്ടിന്റെ വര്‍ണ്ണം.
നാല്‍പ്പത്തിമൂന്നുശതമാനം സ്കോച്ചും
നാല്‍പ്പതു ശതമാനം നവസാരവും ചേര്‍ന്ന്,
അര്‍ദ്ധരാത്രിയിലും സൂര്യനെ ഉദിപ്പിക്കുന്നു.
സൌഹ്രുദങ്ങള്‍ക്ക് ജാതീ‍ഇല്ല.
സദാചാരത്തിന്റേയും പണയത്തിന്റേയുംശ്വാസങ്ങള്‍....
ആഗോളവല്‍ക്കരണം,അമേരിക്ക,ചൈന...
തച്ചന്റെ കരവിരുതിന്റെ നാലുകാലുകള്‍.
ഒരേനിറമുള്ള മനസ്സുകള്‍...അന്തരീക്ഷത്തി്ലെ സുഗന്ധം...
കണ്ണുകള്‍ക്കുതാഴേയുള്ള കറുപ്പ്,
യേശുദാസിന്റേയും റാഫിയുടേയും പാട്ടിന്റെ തിളക്കം.
സൂര്യനുദിക്കാറയി..വീണ്ടും വരിക...
ഇന്നു ബാങ്ക് റേറ്റ് കുറവാണ്.

Monday, June 08, 2009

കാഴ്ച്ചയുടെ മഹാത്മ്യം

ഇടതുകണ്ണിലെ കാഴ്ച അയാള്‍ക്കില്ലാതായി.
ഇടതു ഭാഗത്തുകൂടി പോയവര്‍ പറഞ്ഞു,
ഇവന്‍ കണ്ടഭാവം കാണിക്കുന്നില്ല...

വലതുഭാഗത്തെക്കഴ്ചയും അയാളില്‍ നഷ്ടപ്പെട്ടപ്പോള്‍,
വലതു ഭാഗത്തുകൂടി നടന്നവരും അയാളെ കുറ്റപ്പെടുത്തി.
ഇരുകൂട്ടരും അയാളെ ഒറ്റപ്പെടുത്തി...ഉറക്കെപ്പറഞ്ഞു-
ഇവനാരേയും കണ്ടാല്‍ തിരിച്ചറിയാതായിരിക്കുന്നു,
ഉരുണ്ടഭൂമിയിലാണെന്നു പോലുഓര്‍ക്കാത്തവന്‍....

കാഴ്ചയുടെ മഹാത്മ്യം അയാള്‍ ഓര്‍ക്കുകയായിരുന്നു.
പലനിറങ്ങളിലും വിഹരിക്കുന്ന-
നിറം മാറിഓടിയ ജീവിയെ അയാള്‍ ഓര്‍ത്തു.
മണല്‍ നിറഞ്ഞപുഴയോരങ്ങള്‍...
പച്ചനിറമുള്ള പാടങ്ങള്‍...
തിരുവാതിരനാളിലെനരച്ചനിലാവുള്ളരാത്രികള്‍...
നാലുകെട്ടും,അകത്തളവും,കാവും കുളങ്ങളും..
അയാള്‍ക്കു കാണാന്‍ കഴിയുന്നു.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല.