Daily Calendar

Friday, August 31, 2007

മുത്തശ്ശിയും നിഴലും

മച്ചിന്റെപടിയില്‍ മണ്ടകൊണ്ടഞ്ചാറുമുട്ടുമുട്ടി,
മുറ്റത്തേക്കിറങ്ങിപ്പോയ് വെട്ടം പതുക്കെ.
കൊങ്ങന്‍ വെറ്റില മുറുക്കി മുത്തശ്ശിമുറ്റത്തേക്കിറങ്ങുബോള്‍-
വെട്ടംഭയന്നു വഴിമാറിക്കൊടുക്കുന്നു.
തട്ടിന്‍പുറത്തൊരു ശുംഭന്‍ എലിയുടെ
തട്ടാമുട്ടി പൊടിപൊടിക്കുബോള്‍
ഉച്ചത്തില്‍ ഒരൊച്ചയിട്ടു മുത്തശ്ശി
എലിയുടെ വാല്‍ മുറിയുന്നു.

പത്തായപ്പുരയിലെ തൂണിലെക്കിളിക്കൂട്ടം
മുറ്റത്തെ മാവില്‍ പാര്‍ക്കും അണ്ണാറക്കണ്ണന്മാരും
മുറ്റത്തുമുത്തശ്ശിയെ കണ്ടതാ ചിലക്കുന്നു
മൈനകള്‍ മഞ്ഞച്ചുണ്ടാല്‍ കഥകള്‍ കഥിക്കുന്നു.

മീനമാസത്തെ സൂര്യന്‍ ഉച്ചിയില്‍ ഇരുന്നുകൊ-
ണ്ടിച്ഛിച്ചഫലങ്ങളെ കരിച്ചുതിന്നീടുന്നു.

വളപ്പില്‍ തണലില്ല വടക്കന്‍ കാറ്റുമില്ല
വിരുന്നിന്നൊരുക്കുവാന്‍ മുത്തശ്ശി മുറ്റത്തില്ല.
തണലിന്‍ കുളിരിലെ കിളികളാരുമില്ല
ചിത്രത്തൂണിന്റെ ചത്തമണമേ ബാക്കിയുള്ളു.

Friday, April 27, 2007

ചെറിയ ദ്വീപിലേക്കുള്ള വഴി

എന്റെ മനസ്സ് നൂറ്റാണ്ടുകളുടെ പഴക്കമുള്ളചെറുദ്വീപാണ്.
എന്റെ പല്ലുകള്‍ക്ക് ബലമുണ്ടോഎന്നറിയണമെങ്കില്‍-
ഒരുഎല്ലിന്‍ കഷ്ണം വായ്ക്കകത്തു വയ്ക്കുക.
കരയിലെ കാറ്റും കോളും കൂടുംബോള്‍ ഇവിടെ മനുഷ്യര്‍ വരുന്നു.
കുഷ്ടരോഗികളും കാസരോഗികളും എയ്ഡ്സ്ബാധിതരും ഒന്നിച്ച്.
പണിക്കാരെ ഇറയത്തു നിര്‍ത്തിയവരും പാറപൊളിക്കുന്നവരുംഒന്നിച്ച്.
ഇന്നലത്തെ മന്ത്രിയും നിറമില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും ഒന്നിച്ച്..
ജാഥവിളികളില്ലാതെ ഒന്നിച്ച് ഒരേമനസ്സില്‍ വരുന്നു...
ജാതിയും മതവും ദ്രോഹവും രോഷവും മറന്ന്-
ജീവന്റെ തുടിപ്പിനെ നിലനിര്‍ത്താന്‍ വരുന്നവര്‍..
ദുര്‍ഗന്ധവും ദുഷിപ്പും മറന്ന് ദുരാഗ്രഹങ്ങള്‍ ഇല്ലാതെ,
കുറുകെ ചാടുന്ന പൂച്ചയുടെ ശകുനം ഓര്‍ക്കാത്തവര്‍.
ജാതകവും പൊരുത്തവും നോക്കാതെ ജാതിയെ മറന്ന്,
ജനിക്കാനിരിക്കുന്നകുഞ്ഞിനെ സ്വപ്നം കാണുന്നവര്‍.
വഴിപാടുകളിലും വിരുന്നു സല്‍ക്കാരത്തിലും,
പഴമ്പുരാണങ്ങളിലും വിശ്വാസമില്ലാത്തവര്‍.
കച്ചവടവും കാപട്യവും മറന്ന്-
ഒന്നിച്ച് വിളവെടുക്കാന്‍ മോഹിക്കുന്നവര്‍.
ഈ ദ്വീപിനെ ആരും ഇഷ്ട്ടപ്പെടുന്നു
ഇവിടെ സംസാരിക്കാതെ പ്രവര്‍ത്തിനടക്കുന്നു.
ഇവിടെ അഭയാര്‍ത്തികളായി വന്നവര്‍,
ഇവിടെനിന്നും പോകാന്‍ വിസമ്മതിക്കുന്നു.
തിരമാലകള്‍ പോലും ഈദ്വീപിനെ ശാന്തമായ് പുല്‍കുന്നു.
സുനാമികളും ഭൂമികുലുക്കങ്ങളും ഇവിടെ ഇല്ല.
കടലിലൂടെ അല്‍പ്പം നീന്തിവരാമെങ്കില്‍,
ഈദ്വീപിലേക്ക് ആര്‍ക്കും കടന്നു വരാം.

Friday, February 02, 2007

വി കെ എന്‍ (കവിത)

നിളയുടെ തീരത്തുനിത്യവസന്തമായ്‌
ഇന്നുമീ ചാത്തുവിന്‍ സ്മൃതികള്‍ തെളിയുന്നു
പുലരിയില്‍ പുഴയൊരു തങ്കനൂലാവുന്നു,
പയ്യന്റെകാലടികള്‍ തീരങ്ങള്‍ ഓര്‍ക്കുന്നു
പൂനിലാവെള്ളിയില്‍ പൂഴിമണലിന്റെ
ചന്തം നുകര്‍ന്നനിന്‍ ചിന്തകള്‍ കാവ്യമായ്‌.
വില്വാദ്രീശന്റെ തട്ടകവാസിനീ
വില്വമലയിലെ പൂമരമാണുനീ
പൊട്ടിച്ചിരിപ്പിച്ചചിരിയുടെ മാറ്റൊലി
ഇന്നുമീലോകര്‍ക്കു നല്‍കുന്നു പുഞ്ചിരി.
വളയാത്തനട്ടെല്ലില്‍ കുനിയാതെ നിന്നുനീ
ഈലോകസത്യങ്ങള്‍പൊട്ടിച്ചിരിയാക്കി.
വടക്കുള്ളകൂട്ടാലവീടിന്റെ കോലായില്‍
ചാരുകസേരയില്‍ നീയില്ലകൂട്ടിനായ്‌.
കൂടുവാന്‍ നീയില്ല,സ്വന്ത്വനച്ചിറിയില്ല
വേദവതിയമ്മനിന്നോര്‍മ ചൊല്ലുന്നു.
ചുങ്കവും പാബാടി ദേശവും കൂട്ടരും
അംബലവഴിയുമാചക്കനും ചാത്തനും
ഒക്കെയും സ്മരണകള്‍ നല്‍കുന്നുനിത്യവും
എവിടെ നീ എവിടെ നീ പയ്യന്റെ രൂപമായ്‌?
ചാലിച്ചചമ്മന്തി കടുമാങ്ങകാളനും തോരനുംകൂട്ടിയൊരു-ഊണ്‍തന്നതോര്‍ക്കുന്നു.
ചാറല്‍മഴയുടെഗന്ധം നുകരുബോള്‍
ചിന്തയില്‍ ഇന്നുമാകാര്യങ്ങളോര്‍ക്കുന്നു
സംസ്ക്കാരസാക്ഷരതതിങ്ങുമീനാടിന്റെ,
സംസാരഭാഷയില്‍ ലജ്ജ്യയില്ലാത്തവര്‍
ഓര്‍ക്കുക,നമ്മളീകുഞ്ചന്റെനാട്ടിലെ-
പയ്യനെസ്നേഹിച്ചു വഞ്ചിച്ചതെന്തിന്ന്..?
ഇല്ല,മരിക്കില്ല നീ തീര്‍ത്ത സൗരഭ്യ-
പൂമരത്തോപ്പുകള്‍ പാരിലൊരിക്കലും
ഇല്ലമറക്കില്ല നീതന്നഭാഷയുടെ
ചൈതന്യഭാവുകം ഞങ്ങളൊരിക്കലും

Monday, January 15, 2007

മിമിക്രിയുഗം

ആദ്യകാലങ്ങളില്‍ മിമിക്രിക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു.ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്നവരും,അല്ലാത്തവരുമായി പലരേയും അനുകരിച്ച് നടക്കുന്ന കലാകാരന്മാര്‍ കവലകള്‍ തോറും പാറ്റപോല്‍ പെരുകുകയാണ്.അവതരിപ്പിക്കുന്ന വിഷയത്തില്‍ ഒരു പുതുമയും ഇക്കൂട്ടര്‍ക്കില്ല.കുറേവളിപ്പുകള്‍ കാട്ടി കയ്യടിവാങ്ങിയാല്‍ സിനിമാനടന്മാരായി/നടീമാരായിത്തീരുമെന്ന തോന്നലുകളും ഇക്കൂട്ടരില്‍ ഇല്ലാതില്ല. ചില സിനിമകള്‍ വളിപ്പാക്കുന്നതില്‍ ഇക്കൂട്ടര്‍ നല്ലപങ്കുവഹിച്ചതായി പലനിരൂപകരും വിലയിരുത്തിയത് ശരിയാണ്.

സിനിമാനടന്മാര്‍,രാഷ്ട്രീയനായകന്മാര്‍ തുടങ്ങിയവരെ അനുകരിക്കുന്ന രീതികള്‍ ഇക്കൂട്ടര്‍ക്ക് മാറ്റാന്‍ സാധിക്കാത്ത ഇനമായിമാറിയിരിക്കുന്നു.ടി.വി ചാനലുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമായി മാറ്റിയെന്നു പറയുന്നതായിരിക്കും ശരി.

ജനിക്കാനിരിക്കുന്നകുഞ്ഞുങ്ങള്‍ മിമിക്രിക്കാരാവണേ ഭഗവാനേ എന്നവിളിയും വഴിപാടുകളും വരാനിനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

Thursday, January 04, 2007

മലയാളസിനിമാസീഡികളും റെയ്ഡും

ഇന്ന് മലയാളസിനിമകള്‍റിലീസായി തീയറ്ററുകളില്‍ എത്തുബോള്‍ വ്യാജ സിഡികള്‍ പുറത്തുവന്നിരിക്കും.ഇതിന്നെതിരായ റെയ്ടുകള്‍ ഈയിടെ സര്‍ക്കാര്‍ നടത്തുകയും ചെയ്തു.വാസ്തവത്തില്‍ ഇപ്രകാരം സംഭവിക്കുന്നതിന്റെ പൊരുള്‍ എന്താണ്?
സിനിമ എല്ലാവരേയും സ്വാധീനിക്കുന്ന മാധ്യമമാണെന്നതില്‍ തര്‍ക്കമില്ല.ചിലര്‍ നടന്മാരെ അനുകരിക്കുന്നു.മറ്റുചിലര്‍ സിനിമകള്‍ കണ്ട് നേരംവെളിപ്പിക്കുന്നു.അഭിനയിക്കുവാന്‍ ഒരു അവസരത്തിന്നുവേണ്ടി പലതവണകള്‍ പലരേയും കണ്ട് വലിയനടന്മാരായവരാണു പലരും.നടന്മാരായിത്തീരുബ്ബോള്‍ നിശ്ചയിക്കുന്നതുക 10,20,50,ലക്ഷങ്ങളായി(ചിലര്‍ കോടികളും
കൈപ്പറ്റുന്നു)നിശ്ചയിക്കുബോള്‍,നിര്‍മ്മാണച്ചിലവിണ്ടെ പകുതിയിലേറെ നടന്മാര്‍ക്കുകൊടുക്കെണ്ടിവരുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ തുകകൈപ്പറ്റുന്നത് നായകന്‍ പിന്നെ നായിക,സഹനടന്‍...പട്ടികനീളുന്നു...
സിനിമ റിലീസായി,കുറഞ്ഞത് 9-10 മാസങ്ങള്‍ ABC CLASS തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുബ്ബോഴാ‍ണ് നിര്‍മ്മാതാവിന്നു വല്ലതും ലഭിക്കുന്നതെന്ന് പറയുന്നു.ചിലപടങ്ങള്‍ പരാജയപ്പെടാറും ഉണ്ട്.സംവിധയകരും,അഭിനേതാക്കളും കൈപ്പറ്റുന്നതുകയില്‍ 3/4 ഭാഗമെങ്കിലും കുറക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍,പടം റിലീസായി 2-3 മാസത്തിനകംനിര്‍മ്മാതാവിന്നു ഒറിജിനല്‍ സിഡികള്‍ market ല്‍ ഇറക്കുവാന്‍ സാധിക്കില്ലെ?അപ്പോള്‍ വ്യാജ സിഡികളെ ഭയപ്പെടേണ്ടതില്ലതാനും.ഇതിന്ന് തീരുമാനമെടുക്കേണ്ട്ത് നടീനടന്മാരും സംവിധായകരുമാണ്.സിനിമാനിര്‍മ്മാണച്ചിലവുകള്‍ കുറയാനും,നല്ലസിനിമകളുമായി പുതിയനിര്‍മ്മാതാള്‍ രംഗത്തുവരാനും ഇതുപകരിക്കുമെന്നത് മറക്കരുത്.

സിനിമാവ്യവസായത്തെ ആശ്രയിച്ചുകഴിയുന്ന പലര്‍ക്കും ഇതുമൂലം നല്ലതുവരുമെന്നതില്‍ തര്‍ക്കമില്ല.