Wednesday, October 28, 2009

എന്റെ തൊടി(ഉണ്ണിക്കവിത)


കൊത്തിച്ചിനക്കുന്നു കിളികള്‍,
കൂഴപ്പിലാവിന്റെ ചക്ക.
ചേമ്പിന്റെ തണ്ടിന്റെ ചാരേ,
മണ്ണുളിപ്പാമ്പിന്റെ മേള.
കുന്നിക്കുരുവിന്റെ വള്ളി,
വേലിയെ ചുറ്റിമുറുക്കി.
പുളിമരത്തണലിന്നുതാഴേ,ഞങ്ങള്‍-
കുട്ടികള്‍ ഊഞ്ഞാലിലാടി.
പനമരത്തലകള്‍ കുലുങ്ങി,താഴെ-
പനമ്പഴം വീണൊരുകാലം.
പട്ടികള്‍കൂട്ടമായെത്തി,
പനമ്പഴം ചപ്പിനുകര്‍ന്നു.
കൊയ്യമരത്തിലേക്കേറി,ഞങ്ങള്‍-
കുട്ടികള്‍ പയ്യേ രുചിക്കാന്‍.
നായ്കുരണവള്ളിയില്‍ മുട്ടി,എന്റെ-
വെള്ളത്തുടകള്‍ തുടുത്തു.
പ്ലാച്ചിന്‍ ഇലകള്‍ പറിച്ചു,പിന്നെ-
തേക്കിന്‍ ഇലകള്‍ പറിച്ചു.
പന്തലിന്‍ മണ്ഡപം തീര്‍ത്തു,
കണ്യാര്‍ കളികള്‍ നടത്തി.
പനയോല പരുവത്തിലാക്കി,
കാറ്റാടികാറ്റില്‍ പറത്തി.
കരിമഷിത്തണ്ടിന്റെ നീരില്‍,
തെറികള്‍ കുറിച്ചത് മാച്ചു.
അചഛനും അമ്മയുമായി,ഞങ്ങള്‍-
പന്തലില്‍ പൊട്ടിച്ചിരിച്ചു.
കടലാസു തോണീതുഴഞ്ഞ്,
ചെറുചാലിലൂടെക്കളിച്ചു.
തേക്കുകള്‍ താളം ചവിട്ടി,
കാറ്റിന്റെ താളത്തിനൊപ്പം.
തെങ്ങുകള്‍ ആടിച്ചിരിപ്പൂ,
തെയ്യങ്ങള്‍ ആടുന്ന പോലെ.
വാകയും,വേപ്പും,മുളയും,
ദാഹിച്ചുകേഴുന്നപോലെ.
മാനത്തടിക്കടിക്കാരോ,
ഗുണ്ടുകള്‍ പൊട്ടിച്ചിടുന്നു.
കണ്ടത്തുകൂടെ നടന്നു,ഞങ്ങള്‍-
തെണ്ടിത്തളര്‍ന്നങ്ങുറങ്ങി.
നേരം പടിഞ്ഞാറു ചോത്തു,
നാളെ നേരം പുലരാന്‍ കൊതിച്ചു.




3 comments:

Unknown said...

it is really a nice one.I enjoyed it v very much.It will take all of us to our childhood,its sure.

S.Harilal said...

ഈ കവിതയിലെ ഒരുണ്ണിയായി ഞാനും...

ShamS BalusserI said...

NICE POEM